Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MBITS Engineering College

ലോക്കര്‍ തര്‍ക്കാനായില്ല, കൈയില്‍ കിട്ടിയത് ലാപ്‌ടോപ്പും ഡ്രോണും; എംബിറ്റ്‌സ് എന്‍ജിനിയറിംഗ് കോളജില്‍ സിനിമാ സ്റ്റൈല്‍ മോഷണം

കൊച്ചി: കോതമംഗലത്ത് നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനിയറിംഗ് കോളജില്‍ സിനിമാ സ്റ്റൈല്‍ മോഷണം. അഡ്മിഷന്‍ ഫീസ് ഇനത്തില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ കവരാനെത്തിയ സംഘം ലോക്കര്‍ പുറത്തേക്ക് കൊണ്ടുപോയി പൊളിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ ഒരു ഡ്രോണും ലാപ്‌ടോപ്പും മോഷ്ടാക്കള്‍ കവര്‍ന്നു.

ചൊവ്വാഴ്ച രാത്രിയാണ് മോഷണശ്രമം നടന്നത്. കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലും പ്രിന്‍സിപ്പലിന്‍റെ മുറിയിലുമാണ് മോഷ്ടാക്കള്‍ കയറിയത്. പുതിയ അഡ്മിഷന്‍ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ കോളജില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം മുന്‍കൂട്ടി അറിഞ്ഞവരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

അഡ്മിഷന്‍ സെല്ലില്‍ നിന്നാണ് ഒരു പുതിയ ഡ്രോണും ലാപ്‌ടോപ്പും മോഷണം പോയത് എന്നാണ് കോളജ് അധികൃതര്‍ അറിയിച്ചത്. ഓഫീസില്‍ ഉണ്ടായിരുന്ന ലോക്കറും മോഷ്ടാക്കള്‍ പുറത്തേക്ക് കൊണ്ടുപോയി പൊളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലോക്കര്‍ തുറക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു.

ലോക്കറില്‍ ലക്ഷങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു എന്നാണ് സൂചന. ലോക്കര്‍ പൊളിക്കാന്‍ ശ്രമിച്ചതിന്‍റെ തെളിവുകളും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പണം ലക്ഷ്യമിട്ടുള്ള ആസൂത്രിത മോഷണ ശ്രമമാണിത് എന്നാണ് വിലയിരുത്തല്‍. കോളജിന്‍റെ പ്രവേശന കവാടത്തിലും ഹോസ്റ്റലിലുമായി രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും മോഷണശ്രമം തടയാന്‍ കഴിഞ്ഞില്ല.

പരീക്ഷയുമായി ബന്ധപ്പെട്ട് പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഹോസ്റ്റലിലെത്തിയ ഒരു വിദ്യാര്‍ഥിയെ കണ്ടതോടെ മോഷ്ടാക്കള്‍ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് കോളജ് സെക്രട്ടറി ബിനോയ് മണ്ണഞ്ചേരിയും ഡയറക്ടര്‍ ഷാജന്‍ കുര്യാക്കോസും അറിയിച്ചു.

കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മുഖംമൂടി ധരിച്ച നാലു പേരുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് ഊന്നുകല്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ ഉടന്‍ തിരിച്ചറിഞ്ഞ് പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Latest News

Corehub Up